ബ്രസൽസ്: വടക്കേ ആഫ്രിക്കൻ തീരത്തുള്ള സ്പാനിഷ് നഗരമായ സെവ്തയിലേക്ക് മൊറോക്കോയിൽനിന്ന് പതിനായിരക്കണക്കിന് അഭയാർഥികൾ കൂട്ടത്തോടെ എത്തിയ സംഭവത്തെത്തുടർന്ന് അതിർത്തിസുരക്ഷ ശക്തമാക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനം. പുറം അതിർത്തികൾ സംരക്ഷിക്കാൻ കൂട്ടായ നടപടികൾ ആവശ്യമാണെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ വ്യക്തമാക്കി. അതിർത്തിസുരക്ഷ ശക്തമാക്കുന്നതിനായി അഞ്ചുതല പദ്ധതിയും അവർ പ്രഖ്യാപിച്ചു.
അയൽരാജ്യങ്ങളുമായി സഹകരിച്ച് അനധികൃത കുടിയേറ്റം തുടക്കത്തിലേ തടയുക, അതിർത്തിസുരക്ഷയും മതിലുകൾ ഉൾപ്പെടെയുള്ള ഭൗതികതടസങ്ങളും ശക്തമാക്കുക, മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തുക, മനുഷ്യക്കടത്ത് സംഘങ്ങളെ അടിച്ചമർത്തുക, അനധികൃതമായി എത്തുന്നവരെ തിരിച്ചയ്ക്കുന്ന നടപടികൾ വേഗത്തിലാക്കുക എന്നീ കർമപദ്ധതികളാണു പ്രഖ്യാപിച്ചത്.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി യൂറോപ്യൻ യൂണിയനിലെ ആഭ്യന്തരമന്ത്രിമാർ ഇന്നലെ വീഡിയോ കോൺഫറൻസ് വഴി അടിയന്തര യോഗം ചേർന്നു.
അതിർത്തി കടന്നെത്തിയ 72,000ത്തോളം ആളുകളിൽ 70,000 പേരും മൊറോക്കോയിലേക്കു മടങ്ങിയതായി സ്പാനിഷ് ആഭ്യന്തരമന്ത്രി ഫെർണാണ്ടോ ഗ്രാൻഡെ-മാർലാസ്ക വ്യക്തമാക്കി. ബാക്കിയുള്ളവരുടെ നിയമപരമായ കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.